കണ്ണൂർ: വീട്ടിലെ പ്രസവത്തിനിടെ 30 കാരി മരിച്ചു. അസം സ്വദേശിനിയായ യുവതിയാണ് വാടക വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. കഴിഞ്ഞ 26-നായിരുന്നു സംഭവം. കണ്ണൂരിലെ ചേലേരിയിലാണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെയാണ് യുവതി പ്രസവിച്ചത്. പിന്നീട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവതി മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് യുവതിയും കുടുംബവും കണ്ണൂരിൽ താമസത്തിന് എത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവിനെയും ബന്ധുക്കളെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്.















