ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് പടയെ തകർത്ത് ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ ഫലം ഒന്നുതന്നെയെന്നും നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങളെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
“അത്ഭുതകരമായ വിജയം” എന്നാണ് ഇന്ത്യൻ ടീമിനെ വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചത്. നമ്മുടെ യുവാക്കളുടെ ശക്തിയും ഊർജവും കൊണ്ട് നമ്മുടെ എതിരാളികളെ വീണ്ടും തോൽപ്പിച്ചുവെന്നും ഭാരതത്തിന് അഭിനന്ദനങ്ങളെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കുറിച്ചു.
പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിച്ച ഓപ്പറേഷൻ സിന്ദൂറുമായി സാമ്യപ്പെടുത്തിയാണ് ഏഷ്യ കപ്പ് വിജയത്തെ രാജ്യം അടയാളപ്പെടുത്തുന്നത്. പഹൽഗാം ആക്രമണത്തിനും പിന്നീടുള്ള ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നുയിത്.
പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഭാരതം വിജയകീരിടത്തിൽ മുത്തമിട്ടത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇരുരാജ്യങ്ങളും നേർക്കുനേർ വന്നത്.















