ന്യൂഡൽഹി: തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തിച്ചതിനെ കുറിച്ച് മൻ കി ബാത്തിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്യാഗത്തിന്റെയും സേവനത്തിന്റെയും ആത്മാവും അത് പഠിപ്പിക്കുന്ന അച്ചടക്കവുമാണ് ആർഎസ്എസിന്റെ യഥാർത്ഥ ശക്തിയെന്നും ലോകത്തെ ഏറ്റവും പഴക്കെചെന്ന നാഗരികത സ്വത്വപ്രതിസന്ധി നേരിടുന്ന സമയത്താണ് ആർഎസ്എസ് സ്ഥാപിതമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരും വിജയദശമി ആഘോഷിക്കുന്നു. ആർഎസ്എസിന്റെ നൂറാം സ്ഥാപിത ദിനം കൂടിയാണ് ഇന്ന്. ഒരു നൂറ്റാണ്ടിന്റെ യാത്ര അത്ഭുതകരവും പ്രചോദനകരവുമാണ്. നൂറ് വർഷങ്ങൾക്ക് മുമ്പ് ആർഎസ്എസ് സ്ഥാപിതമായപ്പോൾ രാജ്യം അടിമത്തത്തിന്റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾ നീണ്ട അടിമത്തം നമ്മുടെ ആത്മാഭിമാനത്തെയും വിശ്വാസത്തെയും മുറിവേൽപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം രാജ്യത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കേണ്ടതും പ്രധാനമായിരുന്നു.
നൂറ് വർഷത്തിലേറെയായി ആർഎസ്‌എസ് അക്ഷീണം ദേശീയ സേവനങ്ങൾ നടത്തുന്നു. രാജ്യത്ത് എവിടെയെങ്കിലും ഒരു പ്രകൃതിദുരന്തം സംഭവിക്കുമ്പോൾ, ആദ്യം അവിടെ എത്തുക ആർഎസ്‌എസ് വോളന്റിയർമാരായിരിക്കും. ദേശീയ സേവനത്തിന്റെ മഹത്തായ യാത്രകളിൽ പങ്കുചേർന്ന് സ്വയം സമർപ്പിക്കുന്ന എല്ലാ വോളന്റിയർമാരെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.















