ഇസ്ലാമാബാദ് : പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ പ്രതിഷേധം ആളിക്കത്തുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണത്തിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. ആവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം പാക് അധീന കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ സിവിലിയൻ പ്രക്ഷോഭമാണിത്.
അക്രമസാധ്യതകൾ കണക്കിലെടുത്ത് വൻ തോതിൽ സുരക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ഇസ്ലാമാബാദിൽ നിന്ന് 2,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും അർദ്ധസൈനികരെയും നിയോഗിച്ചു. പ്രക്ഷോഭം അക്രമാസക്തമായതോടെ എഎസിയിലെ മുതിർന്ന പ്രവർത്തകരെ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി. വിവിധയിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടു.
വർഷങ്ങളായി നിലനിൽക്കുന്ന രാഷ്‌ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് എഎസി ആയിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്തി പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സബ്സീഡി, ന്യായമായ വൈദ്യുതി ചാർജ്, വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുക എന്നിവയാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്‌ക്കുന്നവ.
പാകിസ്ഥാനിൽ സ്ഥിരതാമസമാക്കിയ കശ്മീരി അഭയാർത്ഥികൾക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.















