മധുര: ശനിയാഴ്ച കരൂരിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തിൽ സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ (എസ്‌ഐടി) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് പക്ഷം ഹൈക്കോടതിയുടെ മധുര ബ്രാഞ്ചിലാണ് ഹർജി നൽകിയത്. കേസിൽ ഒക്ടോബർ 3 ന് വാദം കേൾക്കൽ ആരംഭിക്കാനാണ് സാധ്യത.
കരൂരിൽ വിജയ് പങ്കെടുത്ത പ്രചാരണ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ടി വി കെ. ആരോപിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ.യുടെ അഭിഭാഷക വിഭാഗം പ്രസിഡന്റ് എസ്. അരിവഴകന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് വാദം കേൾക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അടിയന്തര വിഷയമായി കേസ് കേൾക്കാൻ കോടതി രജിസ്ട്രാർ വിസമ്മതിച്ചു. ദസറ ഉത്സവം അവധിയായതിനാൽ, ഒക്ടോബർ 3 ന് അവ പരിഗണിക്കുമെന്ന് കോടതി രജിസ്ട്രാർ പറഞ്ഞു.















