തിരുവനന്തപുരം: സദസ്സില്‍ ആളില്ലാത്തതില്‍ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ ശ്രമം തുടങ്ങി.സംഘാടനത്തിൽ പിഴവുണ്ടെന്നാരോപിച്ച് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിക്കാണ് പ്രതികാര നടപടിയായി ഗതാഗത വകുപ്പ് നോട്ടീസ് നൽകിയത്. ഈ നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർനടപടികൾ എന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. പ്രകോപിതനായ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്ന വാഹനങ്ങൾ ഉടൻ എംവിഡിക്ക് ലഭിക്കില്ലെന്നും റിപ്പോർട്ടുണ്ട്. വാഹനങ്ങൾ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റി.
ഇന്നലെയാണ് സദസ്സില്‍ ആളില്ലാത്തതില്‍ കോപിഷ്ഠനായ മന്ത്രി കെ ബി ഗണേഷ് കുമാര്‍ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി റദ്ദാക്കിയത്. പരിപാടി റദ്ദാക്കി എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞ ശേഷം മന്ത്രി യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതി ഇഷ്ടപ്പെടാത്ത മന്ത്രിക്ക് സദസ്സില്‍ ആളില്ലാത്തതു കണ്ടപ്പോഴേക്കും കൂടുതൽ പ്രകോപിതനാവുകയായിരുന്നു.
‘എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്. എല്ലാ വണ്ടിയും ഇവിടെ നിരത്തിയിടണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നടപടിയെടുക്കും’, മന്ത്രി മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
‘ഗതാഗത വകുപ്പിന്റേയും മോട്ടോര്‍ വാഹനവകുപ്പിന്റേയും പരിപാടിയായിരുന്നു. ആ പരിപാടിയില്‍ അവര്‍ പോലും പങ്കെടുത്തില്ല. ആകെ പങ്കെടുത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും മാത്രമാണ്. 20 കസേര പോലും അവര്‍ ഇട്ടില്ല. വന്ന ഉദ്യോഗസ്ഥര്‍ പോലും എസി ഇട്ടിട്ട് വണ്ടിയുടെ അകത്ത് ഇരുന്നു. അത് നല്ല നടപടി അല്ല. മന്ത്രിയും എംഎല്‍എയും പങ്കെടുക്കുന്ന പരിപാടി നടക്കുമ്പോള്‍ ഇവര്‍ കാറിനുള്ളില്‍ എസി ഇട്ട് ഇരിക്കുന്നു. അതുകൊണ്ടാണ് പരിപാടി റദ്ദാക്കിയത്.
ഉദ്യോഗസ്ഥരുടേത് ധിക്കാരപരമായ നടപടിയാണ്. പ്രൊട്ടോക്കോളും മര്യാദയും പാലിച്ചില്ല”. മന്ത്രി പറഞ്ഞു. സംഘാടനം വളരെ മോശമാണെന്നും വകുപ്പില്‍ നിന്നുപോലും ആരെയും ക്ഷണിച്ചില്ലെന്നും വേദിവിട്ട ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു.കനകക്കുന്ന് പാലസ് പരിസരത്ത് ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്.















