ന്യൂഡൽഹി: മഹാഷ്ഠമിയോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ദുർഗാപൂജ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിലാണ് പ്രത്യേക പൂജാചടങ്ങുകൾ നടന്നത്. സന്ദർശനത്തിന് ശേഷം കാർലി ബാരി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയോടൊപ്പമാണ് പ്രധാനമന്ത്രി പൂജയിൽ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങളും ഒപ്പം വിപുലമായ ഒരുക്കങ്ങളും സജ്ജീകരിച്ചിരുന്നു. ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിമുതൽ അർദ്ധരാത്രി വരെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയുടെ മിനി ബംഗാൾ എന്നറിയപ്പെടുന്ന സ്ഥലമാണ് ചിത്തരഞ്ജൻ പാർക്ക്. ദുർഗാപൂജയുടെ ഭാഗമായി ഗംഭീര ഒരുക്കങ്ങൾ തയാറാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം പൂജയിൽ പങ്കെടുക്കാനായി എത്തിയത്.















