ലക്നൗ: കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കേന്ദ്ര സർക്കാരിനെതിരെ അക്രമം അഴിച്ചുവിടാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിച്ച മുഹമ്മദ് റാസയാണ് അറസ്റ്റിലായത്. യുപി ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
യുപിയിലെ ഫത്തേപൂർ സ്വദേശിയായ റാസ മലപ്പുറത്താണ് താമസിച്ചുവന്നിരുന്നത്. രാജ്യത്ത് ശരിയത്ത് നിയമം കൊണ്ടുവരാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇതിനായി സംഘം ചേരുകയും റാസ നേതൃത്വം നൽകുകയും ചെയ്തായി അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിലെ മറ്റ് അംഗങ്ങളായ അക്മൽ റാസ, സഫീൽ സൽമാനി, മുഹമ്മദ് തൗസിഫ്, ഖാസിം അലി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റാസയും സംഘവും പാകിസ്ഥാൻ അനുകൂല സംഘടനകളുടെ സഹായത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. ആയുധങ്ങൾ വാങ്ങുന്നതിനും ഹൈന്ദവരെ ലക്ഷ്യമിട്ട് കൊലപാതകത്തിന് ആസൂത്രണം ചെയ്യുന്നതിനും ഫണ്ട് ശേഖരിച്ചിരുന്നു. വിവിധയിടങ്ങളിൽ നിന്ന് റാസയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു.
വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ റാസ പങ്കെടുത്തിരുന്നു. ഭീകരത പ്രചരിപ്പിക്കാൻ സോഷ്യൽമീഡിയ ഉപയോഗിക്കുകയും ചെയ്തു. യുവാക്കളെ ഭീകരപ്രവർത്തനങ്ങൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.















