തൃശൂർ: ചെടിച്ചട്ടി ഓർഡർ നൽകാൻ 10,000 കൈക്കൂലി വാങ്ങിയ സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ പിടിയിൽ. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ കുട്ടമണി കെ എൻ ആണ് വിജിലൻസിന്റെ പിടിയിലായത്.
തൃശൂർ ചിറ്റിലശ്ശേരിയിലെ സ്വകാര്യ കളിമൺ പാത്ര നിർമ്മാണ യൂണിറ്റിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്ക് ഈ യൂണിറ്റിൽ നിന്നും ചെടിച്ചട്ടി വിതരണം ചെയ്തിരുന്നു. വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുളള കൃഷിഭവൻ വഴിയാണ് ഇവ വിതരണം ചെയ്തിരുന്നത്. 3624 ചെടിച്ചെട്ടികളാണ് ഇവർ ഇത്തരത്തിൽ എത്തിച്ച് നൽകിയത്.
ഇതിന് ഫണ്ട് നൽകുന്നത് സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനാണ്. ഈ പണം അനുവദിക്കാനായാണ് കുട്ടമണി പണം ആവശ്യപ്പെട്ടത്. 25,000 വേണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ഒടുവിൽ പൊറുതിമുട്ടിയ സ്വകാര്യ കളിമൺ പാത്ര നിർമ്മാണ യൂണിറ്റ് തൃശൂർ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. എഴുപത്തി മൂന്ന് വയസുകാനായ കുട്ടമണി കെ എൻ. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയായിരുന്നു.















