തൃശൂര്‍: ചെടിച്ചട്ടി ഓർഡർ നൽകാൻ 10,000 കൈക്കൂലി വാങ്ങിയ സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാനും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ കെ എൻ കുട്ടമണിയെ സ്ഥാനത്തുനിന്ന് നീക്കി. കുട്ടമണിക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി ഒ ആര്‍ കേളു നിര്‍ദ്ദേശം നല്‍കിയിരുന്നു.വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശിച്ചിരുന്നു.
വളാഞ്ചേരി നഗരസഭയില്‍ വിതരണം ചെയ്യാനുള്ള ചെടിച്ചട്ടിക്ക് ഓര്‍ഡര്‍ നല്‍കാന്‍ ചെടിച്ചട്ടി ഉത്പാദകരില്‍ നിന്നും കൈക്കൂലി വാങ്ങിയതാണ് കുട്ടമണിക്ക് വിനയായത്. കെ എന്‍ കുട്ടമണിക്കെതിരെ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലാണ് നടപടി.
വളാഞ്ചേരി നഗരസഭയില്‍ 3642 ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മുഖേന ടെന്‍ഡര്‍ വിളിക്കുകയായിരുന്നു. ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലിയായി 10,000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് കുട്ടമണിയെ അറസ്റ്റ് ചെയ്തത്. നേരത്തെ 25000 രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 10000-ത്തിലേക്ക് കുറക്കുകയായിരുന്നു. കുട്ടമണി കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ ചെടിച്ചട്ടി ഉത്പാദന തൊഴിലാളി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
സിഐടിയു സംസ്ഥാന സമിതി അംഗമായ കുട്ടമണി സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയുമായിരുന്നു.















