ചെന്നൈ : കരൂരിലെ ടിവികെയുടെ പൊതുപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ടിവികെ പ്രസിഡന്റ് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 300-ലധികം എഴുത്തുകാരുടെ സംയുക്ത പ്രസ്താവന.
ഈ ആവശ്യമുന്നയിച്ച് 300-ലധികം എഴുത്തുകാർ, കവികൾ, ബുദ്ധിജീവികൾ, ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ എന്നിവർ ചെന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
മുൻകാല സംഭവങ്ങളും അവയുടെ അനന്തരഫലങ്ങളും കണക്കിലെടുത്ത്, കരൂരിലെ സുരക്ഷയിലും നിയമപാലനത്തിലും ഉണ്ടായിരിക്കാവുന്ന വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇത്തരം ദുരന്തങ്ങൾ തടയുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഭാവിയിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ഇവർ ആവശ്യപ്പെടുന്നു .
ഈ സംഭവത്തിൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതും മരണസംഖ്യ കുറച്ചുകാണിക്കാനുള്ള ശ്രമങ്ങളുമാണ് ഈ സംയുക്ത പ്രസ്താവന അനിവാര്യമാക്കിയതെന്ന് ഒപ്പിട്ടവർ ഏകകണ്ഠമായി പ്രസ്താവിച്ചു.
ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടിയ സ്ഥലത്ത് മതിയായ ഭക്ഷണമോ വെള്ളമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ലാതെ ഏഴ് മണിക്കൂറിലധികം ആളുകളെ കാത്തിരിക്കാൻ നിർബന്ധിതരാക്കുന്നത് വിജയ് യുടെ കരൂർ റാലിയുടെ വീഡിയോകളിൽ കാണാം. പിന്നീട്, വിജയ് വേദിയിലെത്തിയപ്പോൾ,അദ്ദേഹത്തിന്റെ മുഖം കാണാൻ പോലും കഴിയാതെ വന്നപ്പോൾ പ്രചാരണ വാഹനത്തെ പിന്തുടരാൻ ജനങ്ങൾ നിർബന്ധിതരായി, തിക്കിലും തിരക്കിലും മരണത്തിലും കലാശിച്ച ഘടകങ്ങൾ ഇവയാണ്.
വിജയ് ഒരു രാഷ്‌ട്രീയ പാർട്ടി തുടങ്ങുന്നതിനോ തന്റെ അനുയായികളെ കാണുന്നതിനോ ഒരു എതിർപ്പുമില്ല. എന്നാൽ അദ്ദേഹം ഉപയോഗിച്ച രീതികൾ രാജ്യത്തിന്റെ രാഷ്‌ട്രീയ സംസ്കാരത്തിനും, പൊതുജീവിതത്തിനും, വ്യക്തിപരമായ അന്തസ്സിനും അനുയോജ്യമല്ല.
ട്രിച്ചി, അരിയല്ലൂർ, നാഗപട്ടണം, വിക്രവണ്ടി, മധുര എന്നിവിടങ്ങളിൽ വിജയ് നടത്തിയ മുൻ റാലികൾ കരൂർ ദുരന്തത്തിന്റെ സൂചനകളായിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചു, പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിൽ യാത്ര ചെയ്തു, പൊതു സ്വത്ത് നശിപ്പിച്ചു, മരങ്ങൾ, വൈദ്യുത തൂണുകൾ, സമീപത്തെ കെട്ടിടങ്ങൾ എന്നിവയിലേക്ക് കയറി പാർട്ടി പ്രവർത്തകർ ഉത്തരവാദിത്തമോ നിയന്ത്രണമോ ആത്മനിയന്ത്രണമോ ഇല്ലാതെ പെരുമാറിയതായി ബുദ്ധിജീവി സംഘം പ്രസ്താവനയിൽ ആരോപിച്ചു.
വിജയ് ആദ്യംതന്നെ തന്റെ ആരാധകരെ ഉപദേശിക്കേണ്ടതായിരുന്നു. അവരെ ശരിയായ പാതയിലേക്ക് നയിക്കാൻ അദ്ദേഹം ഉപദേശിക്കണമായിരുന്നു. അത്തരം ഒരു മുൻകൈ എടുക്കുന്നതിൽ വിജയ് പരാജയപ്പെട്ടു.
തന്റെ കണ്‍മുമ്പില്‍ ദുരന്തം അരങ്ങേറിയപ്പോഴും, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഒരു ശ്രമവും നടത്താതെ വിജയ് സ്ഥലം വിട്ടു. രണ്ട് ദിവസത്തെ മൗനത്തിനുശേഷം, ഗൂഢാലോചന സിദ്ധാന്തങ്ങൾ നിറച്ച ഒരു വീഡിയോ പുറത്തുവിട്ടത് എത്രത്തോളം ശരിയാണെന്ന് അവർ പ്രസ്താവനയില്‍ ചോദിച്ചു.
അടിച്ചമർത്തപ്പെട്ടവരുടെ മാനസികാവസ്ഥയ്‌ക്കെതിരെ ആത്മാഭിമാനം വളർത്തിയെടുക്കാനും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങൾ വളർത്താനും സമൂഹത്തെ മെച്ചപ്പെടുത്താനും കലയും സാഹിത്യവും സഹായിക്കണമെന്ന് പ്രസ്താവന ഊന്നിപ്പറയുന്നു
മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എം.ജി. ദേവസഹായം, മനുഷ്യാവകാശ പ്രവർത്തകൻ ഹെൻറി ടിഫാഗ്നെ, എഴുത്തുകാരായ വണ്ണദാസൻ, പൊന്നീരൻ, കലാപ്രിയ, പെരുമാൾ മുരുകൻ, ഇമയം, ബാമ, കവികളായ യുഗഭാരതി, സുഗീതറാണി, കുട്ടി തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്















