ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ ഹരിയാന സ്വദേശികൾ അറസ്റ്റിൽ. പൽവാൾ സ്വദേശിയും യൂട്യൂബറുമായ വസീം, സുഹൃത്ത് തൗഫിക് എന്നിവരാണ് അറസ്റ്റിലായത്.
പാകിസ്ഥാനിലേക്ക് വിസ ഏർപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും യുവാക്കൾ പണം തട്ടിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷിന് കൈമാറിയിരുന്നു.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് യുവാക്കൾ പ്രവർത്തിച്ചിരുന്നത്. കൂടാതെ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തുന്ന ഐഎസ്ഐ ഏജന്റുമാർക്ക് ഇയാൾ പണം കൈമാറിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് അവർ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.
യൂട്യൂബറായ വസിം പാകിസ്ഥാനിലെ കസൂറിലേക്ക് യാത്ര ചെയ്തിരുന്നു. തിരിച്ചെത്തിയ ശേഷം പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ജാഫറുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു. വിസ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് വാങ്ങുന്ന പണം ഇയാൾ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഇത്തരത്തിൽ അഞ്ച് ലക്ഷത്തോളം രൂപയും സിം കാർഡുകളും ജാഫറിന് കൈമാറിയിട്ടുണ്ട്. സൈനികനീക്കങ്ങളും മറ്റ് ലോജിസ്റ്റിക് വിവരങ്ങളും പാക് ചാരസംഘടനക്ക് ചോർത്തി നൽകിയതെന്നും കണ്ടെത്തി.















