തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി തട്ടിപ്പിന് പിന്നിൽ ആസൂത്രിത നീക്കം നടന്നെന്ന് സംശയം. തട്ടിപ്പിൽ ദേവസ്വം ബോർഡിലെ ഉന്നതരുടെ പങ്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉന്നതരും തമ്മിൽ നടന്ന ഗൂഢാലോചനയിലാണ് സ്വർണം ചെമ്പായത് എന്ന് നിഗമനം ബലപ്പെടുകയാണ്.
അതേസമയം ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിച്ചു. നിലവിലുള്ള വാതിൽ അടയ്‌ക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞാണ് ദേവസ്വം തന്നെ സമീപിച്ചത്. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇത് ഏറ്റെടുത്തത്.ബെംഗളൂരു സ്വദേശി ഗോവർദ്ധൻ എല്ലാം ചെലവുകളും ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. വാതിൽ നിർമിച്ച ശേഷം ഒരു ദിവസം ചെന്നൈയിൽ പൂജ നടത്തി. നടൻ ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമിക്കാൻ ആണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു. എനിക്ക് തന്നത് ചെമ്പ് എന്നാണ് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ് മല്യ സ്വർണം പൊതിഞ്ഞ കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു.
ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും പരസ്പരം പ്രതി സ്ഥാനത്ത് നിർത്തുന്നുണ്ടെങ്കിലും ഗൂഢാലോചന ബലപ്പെടുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ചെമ്പുപാളികളെന്നാണ് ദേവസ്വം ബോർഡിന്റെ 2019ലെ ഉത്തരവ്. അതേസമയം വിജിലൻസ് എസ്പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് 49.625 പവൻ സ്വർണമുണ്ടെന്ന്. സ്വർണം പാളിയെ ചെമ്പാക്കി രേഖപ്പെടുത്തിയത് ആരുടെ നിർദ്ദേശ പ്രകാരമാണെന്നാണ് അറിയേണ്ടത്. തട്ടിപ്പിൽ സർക്കാരിലെയും ബോർഡിലെയും ആരൊക്കെയാണ് പോറ്റിയുടെ പങ്കാളികളെന്നാണ് ഇനി അറിയേണ്ടത്. സ്വർണം ആരൊക്കെ വീതം വച്ചു എന്നും കണ്ടെത്തണം. അതേസമയം, ഉണ്ണികൃഷ്ണൻ പൊറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് വിവരം















