പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും. ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നാമജപ ഘോഷയാത്രയും പ്രതിഷേധ ധർണയും നടത്തി.
ശബരിമല മോഷ്ടിക്കുന്ന എല്ലാം കള്ളൻമാരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് വിഎച്ച്പിയുടെ പ്രതിഷേധം. വരും ദിവസങ്ങളിൽ പ്രതിഷധം കൂടുതൽ വ്യാപിപ്പിക്കാനാണ് വിഎച്ച്പിയുടെ തീരുമാനം.
പൊലീസ്, ക്രൈംബ്രാഞ്ച് എന്നി പറഞ്ഞ് അന്വേഷണം നീട്ടീക്കൊണ്ടു പോകാൻ സമ്മതിക്കില്ലെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പറഞ്ഞു. യഥാർത്ഥ്യം സനാതന ധർമ്മ ഭക്തർക്ക് അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി നിസ്സാരനായ വ്യക്തിയാണ്. അയാൾക്ക് ഈ തട്ടിപ്പും വെട്ടിപ്പും ഒറ്റയ്‌ക്ക് ആസൂത്രണം ചെയ്യാൻ കഴിയില്ല. ദേവസ്വം ബോർഡും അതിന്റെ മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അടക്കം അറിഞ്ഞു കൊണ്ടുള്ള ഗൂഢാലോചനയാണിത്. ശബരിമലയുടെ ചൈതന്യത്തിന് ഭംഗം വരുത്തുക എന്ന ആത്യന്തിക ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇന്നത്തെ പ്രതിഷേധം വെറും സൂചന മാത്രമാണെന്നും സമരം ശക്തമാക്കുമെന്നം അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരവും രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യണം. വീഴ്ചച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെടുന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് ഹൈന്ദവ സംഘടനകൾ.















