ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ടിവികെ അദ്ധ്യക്ഷൻ വിജയ് സഞ്ചരിച്ച വാഹനം അന്വേഷണസംഘം പിടിച്ചെടുക്കും. കരൂർ ദുരന്തമുണ്ടായ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. ഇത് കേന്ദ്രീകരിച്ചായിരിക്കും അടുത്തഘട്ട അന്വേഷണം നടക്കുക.
മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നത്. വിജയ് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിക്കും. ഇൻസ്പെക്ടർ ആസ്ര ഗാർഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പാർട്ടി അദ്ധ്യക്ഷനായ വിജയിയെയും ടിവിതെ മുതിർന്ന നേതാക്കളെയും മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. വിജയ്‌ക്കെതിരെ നടപടി എടുക്കാത്തതിന് സംസ്ഥാന സർക്കാരിനെയും ഹൈക്കോടതി വിമർശിച്ചു. കേസിൽ മുൻകൂർ ജാമ്യം തേടി ടിവികെ നേതാക്കൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.















