തിരുവനന്തപുരം : ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. സർക്കാരിന്റെ ആദരം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു.
വികാരനിർഭരമായാണ് മോഹൻലാൽ ആദരം സ്വീകരിച്ച ശേഷം സംസാരിച്ചത്. തന്റെ ബാല്യകാലത്തെയും കൗമാരത്തെയും യൗവനത്തെയും ഓർമിച്ചുകൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. താൻ ജനിച്ചുവളർന്ന തിരുവനന്തപുരത്തെത്തി സംസ്ഥാന സർക്കാരിന്റെ ആദരം സ്വീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും മോഹൻലാൽ പങ്കുവച്ചു.
മഞ്ഞിൽവിരിഞ്ഞ പൂവ് എന്ന ചിത്രത്തിൽ എത്തിപ്പെട്ടതിനെ കുറിച്ചും മോഹൻലാൽ വിവരിച്ചു. “മോഹന്‍ലാല്‍ അനായാസമായി അഭിനയിക്കുന്നുവെന്ന് പലരും പറയാറുണ്ട്. എനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല എന്നതാണ് സത്യം. ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ദൈവമേ എന്ന് വിളിച്ചുകൊണ്ടുമാത്രമേ ഞാനിപ്പോഴും ക്യാമറയ്‌ക്കുമുന്നിലേക്ക് ചെല്ലാറുള്ളൂ. കാണുന്നവര്‍ക്ക് ഞാന്‍ അനായാസമായി അഭിനയിക്കുന്നു എന്നു തോന്നുന്നുവെങ്കില്‍ അതെനിക്ക് പോലും അറിയാതെ, ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നത്.
ഏത് കലാകാരനുമെന്നപോലെ ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും എനിക്കുണ്ടായിട്ടുണ്ട്. വാനോളം പ്രശംസയും പാതാളത്തോളം താഴ്ത്തുന്ന പഴിയും വിമര്‍ശനവും ശകാരങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട്. രണ്ടിനെയും ഞാന്‍ സമഭാവത്തോടെ തന്നെയാണ് കാണുന്നത്
ഏതുകലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളാണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്. കാഴ്ചക്കാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആ കലാകാരനോ കലാകാരിയോ ഉണ്ടാവില്ലായിരുന്നു. അക്കാര്യം എല്ലാകാലത്തും ബോധ്യമുള്ളതുകൊണ്ടാണ് എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിനാകെയും ലഭിച്ചവയാണ് എന്നു ഞാന്‍ പറയാറുള്ളത്. ഈ പുരസ്‌കാരവും അങ്ങനെ തന്നെയെന്നും മോഹൻലാൽ പറഞ്ഞു.















