ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ യുവതിയിൽ നിന്നും 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബെംഗളൂരു സ്വദേശിനിയായ 23 കാരി വർഷിനിയാണ് അറസ്റ്റിലായത്. ഓൺലൈൻ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പേരിലാണ് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്. 13.60 ലക്ഷം രൂപയാണ് മാവേലിക്കര സ്വദേശിനിയിൽ നിന്നും പ്രതികൾ തട്ടിയത്.
ആലപ്പുഴ സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയത്. വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴിയായിരുന്നു തട്ടിപ്പ്. ഒരു യുഎസ് കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേനയാണ് പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചത്. ഷെയർ ട്രേഡിംഗ് വഴി ലാഭമുണ്ടാക്കമെന്ന് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നീട് നിക്ഷേപം എന്ന പേരിൽ പല അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെടുകയായിരുന്നു.
ലാഭവിഹിതം പിൻവലിക്കാൻ കൂടുതൽ ടാക്സ് അടയ്‌ക്കണമെന്ന് പറഞ്ഞപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.















