ന്യൂഡൽഹി: രാജ്യത്ത് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി 57 കേന്ദ്രീയ വിദ്യാലയങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും പുതിയ തൊഴിലുകൾ രൂപപ്പെടാനും ഇത് സഹായകരമായിരിക്കും. നിരവധി വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വടക്കുകിഴക്കൻ മേഖലകളിലെയും മറ്റ് വിദൂരപ്രദേശങ്ങളിലെയും സമഗ്ര വളർച്ചയ്‌ക്കുള്ള പ്രതിബദ്ധത കൂടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ യോഗത്തിലാണ് കൂടുതൽ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകിയത്. ഒമ്പത് വർഷത്തേക്ക് കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് 5,862 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിലവിൽ കെവി ഇല്ലാത്ത ജില്ലകളിലായിരിക്കും വരുന്നത്.
57 കേന്ദ്രീയ വിദ്യാലയങ്ങളിൽ ഏഴെണ്ണം ആഭ്യന്തര മന്ത്രാലയം സ്പോൺസർ ചെയ്യും. 50 സ്കൂളുകൾ സംസ്ഥാന സർക്കാരുകളാണ് സ്പോൺസർ ചെയ്യുന്നത്. 1,520 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന എല്ലാവിധ സജ്ജീകരണങ്ങളും പുതിയ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഉണ്ടായിരിക്കും.















