കൊച്ചി: സ്വർണപ്പാളി കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ഡിജിപി എച്ച് വെങ്കടേഷ് നേതൃത്വത്തിലാണ് അന്വേഷണം. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ഗുരുതര കുറ്റ കൃത്യങ്ങളാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. സ്വർണം പൊതിഞ്ഞ നാൾ മുതൽ ഉദ്യോഗസ്ഥരുടെ ഉത്തരവും പൂശലും വരെ അന്വേഷിക്കാനും കോടതി നിർദ്ദേശം നൽകി. സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക.
ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട് പരിശോധിച്ച കോടതി ഉദ്യോഗസ്ഥരോട് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു. ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞ അഞ്ച് കിലോയോളം സ്വർണം നഷ്ടമായെന്ന് കോടതിക്ക് ബോധ്യമായി. സ്വർണം എവിടെ എങ്ങനെ നഷ്ടമായെന്ന് കാര്യം വിശദീകരിക്കാൻ ദേവസ്വം ബോർഡിനും വിജിലൻസിനും സാധിച്ചിട്ടില്ല. ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിച്ചത്.
ചില പ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി. കേവലം ഉണ്ണികൃഷ്ണൻ പോറ്റിയിൽ ഗൂഢാലോചന ഒതുങ്ങില്ല. ശബരിമലയിലെ സ്വർണം കൈകാര്യം ചെയ്യുന്ന ബോർഡിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം. അന്വേഷണ സംഘം കോടതിക്ക് നേരിട്ട് റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.















