തിരുവനന്തപുരം : 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കുമെന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ശൈത്യകാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ച് ഷെഡ്യൂളുകളുടെ എണ്ണത്തില്‍ നേരിയ വ്യത്യാസം വരുത്തിയിരുന്നു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കും. ഇതോടെ ശൈത്യകാലത്തില്‍ വരുത്തിയ വ്യത്യാസം പരിഹരിക്കപ്പെടും.
ഫുജൈറ, മെദീന, മാലി, സംഗപൂര്‍, ലണ്ടന്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വ്വീസുകള്‍ തുടങ്ങും. ബംഗ്ളുരൂ വഴിയോ സിംഗപൂര്‍ വഴിയോ ആസ്ട്രേലിയ – ജപ്പാന്‍ സര്‍വ്വീസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും. ഓണം, ക്രസ്തുമസ്, പുതുവര്‍ഷം തുടങ്ങിയ സീസണുകളില്‍ അധിക വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സര്‍വ്വീസ് നടത്താന്‍ നടപടിയെടുക്കും. തിരുവനന്തപുരത്തിനും ഡല്‍ഹിക്കും ഇടയില്‍ ബിസിനസ് ക്ലാസുള്ള വിമാനം പരിഗണിക്കും. തിരുവനന്തപുരം – ദുബായ് പോലുള്ള സെക്ടറുകളില്‍ കുറവ് വരുത്തിയ വിമാനങ്ങള്‍ ഈ സീസണില്‍ തന്നെ മടക്കിക്കൊണ്ടു വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരം, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എയര്‍പോര്‍ട്ട് അധികാരികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തി. കണ്ണൂര്‍ വിമാനത്താവള അധികൃതരുമായി വിശദമായ ചര്‍ച്ച നാളെ കൊച്ചിയില്‍ നടക്കും. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാനേജ്മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ , എയര്‍ ഇന്ത്യ എക്സ് പ്രസ് ചെയര്‍മാന്‍ നിപുന്‍ അഗര്‍വള്‍, എം ഡി അലോക് സിങ്ങ്, വൈസ് പ്രസിഡന്‍റ് അഭിഷേക് ഗാര്‍ഗ്, അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് പി ജി പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.















