കോഴിക്കോട്: താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു. അമീബിക്ക് ജ്വരം ബാധിച്ച് മരിച്ച 9 കാരിയുടെ അച്ഛനാണ് വെട്ടിയത്. സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ആക്രമണം. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വിപിന്റെ തലയ്‌ക്കാണ് വെട്ടേറ്റത്.
പനി ബാധിച്ച ഒൻപത് കാരി ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. അവിടെ നിന്നും ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് മരണത്തിന് പിന്നാലെ കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. അപസ്മരം വന്ന് അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തന്നെ ആവശ്യത്തിന് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ വീഴ്ചയില്ലെന്നാണ് ആശുപത്രി സുപ്രണ്ടിന്റെ വാദം.















