ശ്രീനഗർ: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടന്ന തെരച്ചിലിനിടെ സൈനികന് വീരമൃത്യു. അതിശക്തമായ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടാണ് സൈനികൻ വീരമൃത്യു വരിച്ചത്. കശ്മീരിലെ കൊക്കർനാഗിലാണ് സംഭവം. ഒരു സൈനികനെ കാണാതായിട്ടുണ്ട്. സ്ഥലത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈനികന്റെ ബാഗും മറ്റ് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
തെരച്ചിലിനിടെയുണ്ടായ ഹിമപാതമോ മഞ്ഞുവീഴ്ചയോയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒക്ടോബർ 6,7 തീയതികളിലാണ് ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ഇതിനിടെയായിരുന്നു അപകടം. ഏറെ സങ്കീർണമായ പ്രദേശത്താണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ സമയം എടുക്കുമെന്നാണ് റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
കാണാതായ സൈനികനായി തെരച്ചിൽ പുരോഗമിക്കുകയാണ്. നേരത്തെ, കശ്മീർ ലഡാക്കിലെ സിയാച്ചിൻ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ രണ്ട് അഗ്നിവീറുകൾ ഉൾപ്പെടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു.















