തിരുവനന്തപുരം: ആഢംബര കാറിനായി വഴക്കിട്ട മകനെ പിതാവ് കമ്പിപാര കൊണ്ട് അടിച്ചു വീഴ്‌ത്തി. തലസ്ഥാന നഗരിയിലെ വഞ്ചിയൂരിലാണ് സംഭവം. 50 ലക്ഷത്തിന്റെ കാർ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചപ്പോഴാണ് അച്ഛൻ തിരിച്ചടിച്ചത്.
മകന്റെ ആക്രമണത്തിൽ അച്ഛനും പരിക്കേറ്റു. അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിനയാനന്ദന്റെ ഏകമകനാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 22 കാരൻ ഹൃദ്വിക്. അടുത്തിടെ 17 ലക്ഷം രൂപ വിലവരുന്ന ആഢംബര ബൈക്ക് മകന് അച്ഛൻ സമ്മാനിച്ചിരുന്നു. എന്നാൽ ബൈക്ക് വേണ്ട ആഢംബര കാർ വേണമെന്ന് മകൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഹൃദ്വിക് സ്ഥിരമായി വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസും ഇതേ കാര്യം പറഞ്ഞ് യുവാവ് വഴക്കുണ്ടാക്കി. മാതാപിതാക്കളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതിനിടെയാണ് അച്ഛൻ മകനെ അടിച്ച് വീഴ്‌ത്തിയത്. വിനയാനന്ദന്റെ ആക്രമണത്തിൽ മകന്റെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. അതീവ ഗുരുതരാവസ്ഥയിലുള്ള യുവാവ് മെഡിക്കൽ കോളജ് ഐസിയുവിലാണ്.
ഹൃത്വികിന്റെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരക്കുന്നത്. ആഢംബര ജീവിതത്തിന് പണം ആവശ്യപ്പെട്ട് മകൻ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടെന്ന് അമ്മയടക്കം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.















