ആലപ്പുഴ: വിവാദ പ്രസംഗവുമായി കായംകുളം എംഎൽഎ യു പ്രതിഭ. കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്‌കാരം. ഇത്തരം രീതികൾ മാറണം. അവരോട് തുണിയുടുത്ത് വരാൻ പറയണമെന്നും യു. പ്രതിഭ പറഞ്ഞു. കായംകുളത്തെ ഒരു ഗ്രന്ഥശാല ഉദ്ഘാടന വേദിയിലായിരുന്നു സിപിഎം നേതാവിന്റെ വാക്കുകൾ.
നാട്ടിൽ കട ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ ഉടുപ്പിടാത്ത സിനിമാ താരങ്ങളെ മതി. ഇത്രയും വായ നോക്കികളാണോ കേരളത്തിലുള്ളത്. തുണിയുടക്കാത്തവർ വരുമ്പോൾ ഇടിച്ചു കയറുകയാണ്. അവരോട് തുണിയുടുത്ത് വരാൻ പറയണമെന്നും യു പ്രതിഭ പറഞ്ഞു.
നടൻ മോഹൻലാൽ അവതിപ്പിക്കുന്ന ടിവി പ്രോഗ്രാമിനെതിരെയും യു പ്രതിഭ വിമർശനം ഉന്നയിച്ചു. മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടി. അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നതെന്നും സിപിഎം എംഎൽഎ പറഞ്ഞു.















