വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ നിരാശപ്പെടുത്തിക്കൊണ്ടാണ് സമാധാന നൊബേൽ പുരസ്കാര ജേതാവിനെ നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചത്. എട്ടോളം യുദ്ധങ്ങളും സംഘർഷങ്ങളും താന്റെ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടുവെന്ന് ആവർത്തിച്ച് അവകാശപ്പെട്ടിരുന്ന ട്രംപിന്, ഈ പ്രഖ്യാപനം അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് വൈറ്റ്ഹൗസിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ, തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം ട്രംപിന് കൂടി സമർപ്പിക്കുന്നതായി തുറന്നുപറയുകയാണ് പുരസ്കാരം നേടിയ വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോ.
ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങൾക്കും തങ്ങളുടെ ലക്ഷ്യത്തിന് നിർണായകമായ പിന്തുണ നൽകിയ പ്രസിഡന്റ് ട്രംപിനും താൻ ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്ന് മരിയ കൊറീന എക്സിൽ കുറിച്ചു. സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള തങ്ങളുടെ ദൗത്യം പൂർത്തിയാക്കുന്നതിന് ഈ അംഗീകാരം എന്നും പ്രചോദനമായിരിക്കുമെന്നും മരിയ വ്യക്തമാക്കി.
സമാധാന കരാറുകൾ ഉണ്ടാക്കുന്നതും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ട്രംപിന്റെ പ്രവർത്തനങ്ങൾ തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്സിൽ വ്യക്തമാക്കി. അവാർഡ് പ്രഖ്യാപനത്തിന് മുമ്പ് മുൻഗാമിയായ ബരാക് ഒബാമയെ ട്രംപ് വിമർശിച്ചിരുന്നു. ഒബാമ മികച്ച പ്രസിഡന്റായിരുന്നില്ലെന്നും രാജ്യത്തെ നശിപ്പിച്ചതിനാണ് പുരസ്കാരം നൽകിയതെന്നും ട്രംപ് പരാമർശിച്ചിരുന്നു.















