പാലക്കാട്: ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷമെന്നും വ്യക്തിനിയമങ്ങളുടെ നല്ലവശങ്ങൾ ഉൾപ്പെടുത്തി ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
റെയിൽവേ നടത്താൻ പദ്ധതിയിടുന്ന വിവിധ വികസനപദ്ധതികളെ കുറിച്ചും കേന്ദ്രമന്ത്രി പരാമർശിച്ചു. പാലക്കാട്- എറണാകുളം മെമുവിന്റെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ട നടപടികളെ കുറിച്ച് റെയിൽവേ അധികൃതരുമായി സംസാരിക്കും. കേരളത്തിലെ ട്രാക്കുകളുടെ എണ്ണം കൂട്ടാൻ സംസ്ഥാന സർക്കാരാണ് കൂടതൽ സ്ഥലം അനുവദിക്കേണ്ടത്. ഇക്കാര്യം കേരളത്തിലെ എല്ലാ എംപിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവർ നടത്തിയ ഇടപെടുകളെ കുറിച്ച് കേരളത്തിലെ ജനങ്ങൾ ചിന്തിക്കണം.
തെരുവുനായശല്യം വിഷയത്തിൽ സംരക്ഷണകേന്ദ്രമെന്ന ആശയം നടപ്പാക്കാൻ സംസ്ഥാനത്ത് നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷം നിലപാട് സ്വീകരിച്ചത് വന്യമൃഗശല്യം പരിഹരിക്കാൻ തടസമായി. നെൽ കർഷകരുടെ പ്രശ്നങ്ങളെല്ലാം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.















