ന്യൂഡൽഹി: ധനപ്രതിസന്ധിയെ തുടർന്ന് യുഎസ് പ്രഖ്യാപിച്ച ഷട്ട്ഡൗൺ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം കൂടുതൽ ശക്തം. സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടു. 4,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഷട്ട്ഡൗണിൽ ജീവനക്കാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അന്തിമ കണക്കുകൾ പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളെ പിരിച്ചുവിടൽ ബാധിക്കും.
ട്രഷറി വകുപ്പ്, ആരോഗ്യ-മനുഷ്യ സേവന വകുപ്പ്, ഐആർഎസ്, വിദ്യാഭ്യാസം, വാണിജ്യം, സൈബർ സുരക്ഷാ വിഭാഗം എന്നിവയുൾപ്പെടെ നിരവധി ഏജൻസികളിലുള്ള ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 4,200 ജീവനക്കാർക്ക് ഇതുവരെ നോട്ടീസ് ലഭിച്ചു.
ഷട്ട്ഡൗൺ പുരോഗമിക്കുന്നതിനിടെ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടികൾക്കെതിരെ ജനരോക്ഷം ശക്തമാവുകയാണ്. യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് അംഗങ്ങൾ തമ്മിലുള്ള ബജറ്റ് തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് യുഎസ് ഭരണകൂടം ഒക്ടോബർ ഒന്നിന് ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് ദൈനംദിന ചെലവുകൾക്ക് പണമില്ലാത്ത അവസ്ഥയിൽ വിവിധ സർക്കാർ വകുപ്പുകൾ അടച്ചു പൂട്ടുകയായിരുന്നു.















