ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ എഐ കമ്പനിയായ അന്ത്രോപിക് സഹസ്ഥാപകനും സിഇഒയുമായ ഡാരിയോ അമോഡി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ബെംഗളൂരുവിൽ അന്ത്രോപികിന്റെ ഒരു കമ്പനി തുടങ്ങുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.
എഐ സാങ്കേതികവിദ്യയിൽ ഭാരതത്തിന്റെ നിർണായക പങ്കിനെ കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ അന്ത്രോപികിന്റെ കൂടുതൽ കമ്പനികൾ തുടങ്ങുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ എഐ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ കുറിച്ച് ഡാരിയോ അമോഡിയുമായി സംസാരിച്ചു.
അന്ത്രോപിക് മേധാവിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാജ്യത്തെ പ്രധാനമേഖലകളുടെ വളർച്ചയ്ക്ക് എഐയുടെ പങ്ക് നിർണായകമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അടുത്ത വർഷം ബെംഗളൂരുവിൽ അന്ത്രോപികിന്റെ ഒരു ഓഫീസ് തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.















