ന്യൂഡൽഹി: ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്നുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുറിപ്പോടുകൂടിയ ചിത്രം സെർജിയോ മോദിക്ക് സമ്മാനിച്ചു.
ട്രംപിന്റെ അടുത്ത സുഹൃത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം സെർജിയോ ഗോർ പറഞ്ഞു. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടന്നതായി സെർജിയോ എക്സിൽ കുറിച്ചു.
ഇന്ത്യയിലെ യുഎസിന്റെ നിയുക്ത അംബാസഡറായി സെർജിയോ ഗോറിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രിയും മറുപടിയായി പോസ്റ്റ് പങ്കിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും സെർജിയോ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ചും സാമ്പത്തിക സഹകരണത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുമായും സെർജിയോ കൂടിക്കാഴ്ച നടത്തിയിരുന്നു.















