കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൃത്രിമ കരി പ്രസാദ നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന പൂർത്തിയായി. കരിപ്രസാദവും ചന്ദനവും നിർമിക്കുന്ന വാടക വീട്ടിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.
ഇവിടെ നിന്നും പാക്കറ്റുകളിലാക്കിയ കറുത്ത പൊടി കണ്ടെത്തി. ഇതാണ് പ്രസാദം എന്ന പേരിൽ നൽകിയിരുന്നത്. മദ്യക്കുപ്പികളും ആനയുടെ നെറ്റിപ്പട്ടവും ജീവതയുമടക്കം കൂട്ടിയിട്ട നിലയിലാണ്. പരിശോധനയ്‌ക്ക് ശേഷം സാധനങ്ങൾ ചാക്കുകളിലാക്കി ദേവസ്വം കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം അന്വേഷണം പ്രഹസനമെന്ന് ബിജെപിയും ഹിന്ദു ഐക്യവേദിയും ആരോപിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രതീക്ഷിച്ചപ്പോൾ വന്നത് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണത്തിനെത്തിയത്. ദേവസ്വം വിജിലൻസ് അന്വേഷണം സുതാര്യമല്ല. ദേവസ്വം അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് വിജിലൻസിന്റേതെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തിലെ ഗുരുതരമായ ആചാരലംഘനവും ക്രമക്കേടുകളും ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകർ പുറത്തുകൊണ്ടുവന്നത്. തിടപ്പള്ളിയിൽ നിർമ്മിക്കേണ്ട പ്രസാദം തൊട്ടടുത്ത വാടക വീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ചിരുന്നത്. വീട്ടിൽ മദ്യകുപ്പികളും സിഗരറ്റ് പാക്കറ്റുകളും കൂട്ടിയിട്ട നിലയിലാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് കരിപ്രസാദം തയ്യാറാക്കിയത് എന്നാണ് വിവരം. ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകർ എത്തിയതോടെ ഇവർ മുറിപൂട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.















