കൊച്ചി: ഹിജാബിന്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ. സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടികളിലേക്ക് കടന്നിട്ടില്ല. ഹിജാബ് ധരിച്ചുതന്നെ വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കാൻ ഉന്നതതലത്തിൽ സ്കൂൾ അധികൃതർക്ക് മേൽ സമ്മർദ്ദവുമുണ്ട്. ഹിജാബ് വിവാദം കൃത്യമായ ആസൂത്രണത്തോടെയാണ് എന്ന് സ്കൂൾ മാനേജ്മെന്റും പിടിഎയും ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങൾ.
കഴിഞ്ഞ ദിവസം വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്. കുട്ടികൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാം, അത് അവരുടെ സ്വാതന്ത്രമാണ്, വസ്ത്രത്തിന്റെ കാര്യത്തിൽ സ്കൂൾ മാനേജ്മെൻ്റുകൾ ഇടപെടാൻ പാടില്ലെന്ന വിചിത്ര വാദമാണ് വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. മതമൗലികവാദികളുടെ ലക്ഷ്യത്തിന് വിദ്യാഭ്യാസമന്ത്രിയും വകുപ്പും കൂട്ടുനിൽക്കുകയാണ് എന്നാണ് സൂചന.
എസ്ഡിപിഐ തൃപ്പുണ്ണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റാണ് സ്കൂളിൽ വന്ന് പ്രശ്നമുണ്ടാക്കിയതെന്ന് പിടിഎ പ്രസിഡന്റ് ജോഷി പറഞ്ഞു. അവർ സ്കൂളിൽ എത്തി ആക്രോശിക്കുകയായിരുന്നു. ഇത് കണ്ട് കുട്ടികൾ ശരിക്കും ഭയന്നു.
30 വർഷമായി നല്ലരീതിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. അതിന്റെ വിശ്വസ്യത തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് പ്രദേശത്തുളള ആർക്കും മനസ്സിലാകും. കൃത്യമായി ആ കുട്ടിയെ ബ്രെയിൻ വാഷ് ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കുഞ്ഞുങ്ങളെ ഉപയോഗിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.
കുട്ടിയെ ഇപ്പോൾ തന്നെ കയറ്റണമെന്നാണ് എഇഒയും ഡിഇഒയും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നടക്കം വിളി വന്നിട്ടുണ്ട്. അംഗീകാരം റദ്ദാക്കുമെന്ന് പോലും ഭീഷണിയുണ്ട്. പൊതുസമൂഹം ഇത് തിരിച്ചറിയണമെന്നും പിടിഎ പ്രസിഡൻറ് പറഞ്ഞു.
സ്കൂളിൽ ആദ്യമായാണ് ഇത്തരം ഒരു പ്രശ്നമെന്ന് രക്ഷിതാക്കൾ ജനം ടിവിയോട് പറഞ്ഞു. ഇത്രയും മാസം ഇല്ലാത്ത പ്രശ്നം പെട്ടെന്ന് ക്രിയേറ്റ് ചെയ്തത് പ്രത്യേക അജണ്ട മുന്നിൽ വച്ചായിരിക്കണം. ഒരു സീൻ ക്രിയേറ്റ് ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. അതിൽ ഒരു സംശയവുമില്ല. നന്നായി പ്രവർത്തിക്കുന്ന സ്കൂളിന് ചീത്ത പേരുണ്ടാക്കാനാണ് ശ്രമമെന്ന് രക്ഷിതാവ് പറഞ്ഞു. സമ്മർദ്ദം പ്രയോഗിച്ച് ഹിജാബ് അടിച്ചേൽപ്പിക്കാനാണ് നീക്കമെങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പിടിഎ ഭാരവാഹികൾ വ്യക്തമാക്കി.















