കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ലെന്ന് സിബിസിഐ. യൂണിഫോമിന്റെ പേരിൽ നടപ്പിലാക്കാൻ ശ്രമിച്ചത് സംഘടിത തീവ്രവാദമെന്ന് കാത്തലിക്ക് ബിഷപ്സ് കോൺഫെറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് വിവാദത്തിലാണ് സിബിസിഐയുടെ പ്രതികരണം.
എസ്ഡിപിഐയുടെ നേതൃത്വത്തിൽ ഇത്തരം ഇടപെടലുകൾ വ്യാപകമായി നടക്കുന്നുണ്ട്. ജനാധിപത്യ- മതേതര സംവിധാനത്തിന് വിലങ്ങുതടിയാകുന്ന തരത്തിലാണ് ഇവരുടെ ഇടപെടലുകൾ. ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ്. യൂണിഫോം സംബന്ധിച്ച് ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണ് ഇവർ. ഒരു കുട്ടിയെ മുൻനീർത്തി തീവ്ര അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമമാണ് നടന്നതെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ഭീഷണിയെ തുടർന്ന് സ്കൂൾ രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. സ്കൂളിന് ഹൈക്കോടതി പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.















