തിരുവനന്തപുരം: സഹപാഠിയുടെ വീടുകയറി ആക്രമണം നടത്തി വിദ്യാർത്ഥികൾ. ചെങ്കോട്ടുകോടം ശാസ്തവട്ടത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആക്രമണം നടന്നത്. സ്കൂളിലുണ്ടായ സംഘർഷമാണ് വീടുകയറിയുള്ള അക്രമത്തിലേക്ക് നയിച്ചത്. 15 ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ.
പ്ലസ്ടു വിദ്യാർത്ഥിയായ അഭയ്ക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയുടെ കൈയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്കൂളിലുണ്ടായ വഴക്കാണ് വൈരാഗ്യത്തിന് കാരണമായത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ്കൂളിൽ സംഘർഷമുണ്ടായത്. അക്രമണത്തിൽപ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചുമാറ്റിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രാത്രിയോടെ അഭയിയുടെ വീട്ടിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുണ്ടത്തിൽ മാധവിലാസം ഹയർ സ്കൂളിലെ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















