ന്യൂഡൽഹി: ഹരിയാനയിൽ ഐപിഎസ് ഓഫീസർ പുരൺ കുമാറിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. റോഹ്തക്കിലെ സൈബർ സെല്ലിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ സന്ദീപ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നായി മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരിച്ച പുരൺ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. കൂടാതെ മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോ സന്ദേശവും അദ്ദേഹം പങ്കുവച്ചു.
ഐപിഎസ് പുരൺ കുമാർ അഴിമതിക്കാനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിനെതിരെ നിരവധി തെളിവുകളുണ്ട്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഭയക്കുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് അഴിമതി തുറന്നുകാട്ടാൻ ആഗ്രഹിക്കുന്നുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടക്കണം. അതിനായി ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കുന്നു. അഴിമതി കുടുംബത്തെ വെറുതെവിടരുത്.
ആരോപണങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനാണ് ജാതി രാഷ്‌ട്രീയം ഉപയോഗിച്ചത്. ഒരുപാട് നാളുകളായി ജാതി രാഷ്‌ട്രീയം കളിക്കുകയാണ്. സ്വന്തം അഴിമതിക്കാരെ അയാൾ നിയമിച്ചു. ഈ അഴിമതിക്കാരാണ് പിന്നീട് ഫയലുകൾ നോക്കാൻ തുടങ്ങിയത്. അവർ പണം തട്ടിയെടുക്കുകയും വനിത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും പീഡിപ്പിക്കുകയും ചെയ്തതായും ആത്മഹത്യാകുറിപ്പിൽ പറയുന്നു.
പുരൺ കുമാറിന്റെ ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സബ് ഇൻസ്പെക്ടറുടെ ആത്മഹത്യ. സർവീസ് റിവോൾവർ ഉപയോഗിച്ച് തലയിൽ സ്വയം വെടിയുതിർക്കുകയായിരുന്നു.















