തിരുവനന്തപുരം: ശബരിമലയിൽ നടന്ന തീവെട്ടിക്കൊള്ളയിൽ വികാരനിർഭരമായ കുറിപ്പുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ അഴിമതിയും കൊള്ളയും തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കാനും കൊള്ളയടിക്കാനുമാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു.
ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കാനും നശിപ്പിക്കാനും കൊള്ളയടിക്കാനുമാണ് സിപിഎമ്മും കോൺഗ്രസും മനപൂർവ്വം ശ്രമിക്കുന്നത്.
എന്നെപ്പോലെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ഹൃദയത്തോട് ചേർത്തുവെയ്‌ക്കുന്ന വിശുദ്ധക്ഷേത്രമാണ് ശബരിമല.
ആഴത്തിലുള്ള വിശ്വാസവും ആത്മീയ നിഷ്ഠകളുമാണ് ശബരിമലയുടെ ആത്മാവ്. ആ ആചാരങ്ങളും പൈതൃകവും കാത്ത് രക്ഷിക്കുന്നതിനൊപ്പം ഹിന്ദു വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്യുന്നുവെന്നും” രാജീവ് ചന്ദ്രശേഖർ കുറിച്ചു.















