ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന്റെ കുറ്റവാളികളെ ഇന്ത്യൻ സൈന്യം നരകത്തിലേക്ക് പറഞ്ഞയച്ചെന്ന് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. ഐക്യരാഷ്‌ട്രസഭയുടെ സൈനിക ചീഫ്‌സ് കോൺക്ലേവിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്ഥാനിലെയും പാക് അധീനകശ്മീരിലെയും അടിസ്ഥാനസൗകര്യങ്ങൾ ഞങ്ങൾ തകർത്തു. അവർ കൂടുതൽ മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നെങ്കിൽ കൂടുതൽ ദുരന്തമുണ്ടാകുമായിരുന്നു.
കടലിൽ നിന്ന് മാത്രമല്ല, വിവിധയിടങ്ങളിൽ നിന്നും ആക്രമണം ഉണ്ടാകുമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യങ്ങൾക്കാണ് മുൻഗണന നൽകിയത്. ഭീകരാക്രണങ്ങൾ ഒരു യുദ്ധപ്രവൃത്തിയെന്നും അതിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു”.
ആണവഭീഷണിക്ക് ഞങ്ങൾ ഒരിക്കലും വഴങ്ങില്ല. ഭീകരരും ഭീകരരെ സഹായിക്കുന്നവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ നരകത്തിലേക്ക് പറഞ്ഞുവിട്ടു. 96 ദിവസമെടുത്തു. പക്ഷേ, അവരെ വിശ്രമിക്കാൻ ഞങ്ങൾ അനുവദിച്ചില്ല. ഞങ്ങളിൽ നിന്നും അവർ ഓടിയൊളിച്ചു. അവരെ ഇല്ലാതാക്കി, നീതി നടപ്പിലാക്കിയെന്നും രാജീവ് ഘായ് പറഞ്ഞു.















