തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം കവർന്നത് സർക്കാറിന്റെ അറിവോടെ. ശബരിമലയിൽ വൻ പൊലീസ് സുരക്ഷ നിലനിൽക്കെയാണ് പോറ്റിയും സംഘവും സ്വർണം കടത്തിയത്. പൊലീസിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് 2019 ഫെബ്രുവരിയിൽ പോറ്റി സന്നിധാനത്ത് എത്തിയത്. ശബരിമല സ്പോൺസർ എന്ന രീതിയിലാണ് മുഖ്യമന്ത്രിയുമായി ഉൾപ്പെടെ അടുപ്പം സ്ഥാപിച്ചത്.
2018 ലെ യുവതി പ്രവേശന വിധിക്ക് ശേഷം വൻ പൊലീസ് സന്നാഹമാണ് സന്നിധാനത്ത് ഉണ്ടായത്. ഇന്റലിജൻസിന്റെ നീരീക്ഷണവും ശക്തമായിരുന്നു. 2019 ഫെബ്രുവരിയിൽ തൃശൂർ സ്വദേശിക്കൊപ്പമാണ് ശ്രീകോവിലിന്റെ കട്ടിളപ്പടിയുടെ അളവെടുക്കാനായി പോറ്റി സന്നിധാനത്ത് എത്തിയത്. പൊലീസിൽ നിന്നും പ്രത്യേക അനുമതി വാങ്ങിക്കൊണ്ടായിരുന്നു യാത്ര. ശബരിമലയിലേക്ക് പ്രവേശനത്തിന് കടുത്ത നിയന്ത്രണമുണ്ടായിരുന്ന സമയമായിരുന്നു അത്.
പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ എന്തിന് വന്നു എന്ന് കാണിക്കുന്ന രേഖകൾ സമർപ്പിക്കണം. അതിന് ശേഷം മാത്രമാണ് മലകയറാൻ അനുവാദം ലഭിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് അടക്കം കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. നിലയ്‌ക്കൽ വരെ പ്രത്യേക സോണാക്കി തിരിച്ചായിരുന്നു സുരക്ഷ. ശബരിമലയുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് എല്ലാം ദിവസവും റിപ്പോർട്ട് സമർപ്പിക്കാറുണ്ട്.
2019 ഫെബ്രുവരിയിൽ അളവെടുത്ത പോറ്റി മാർച്ചിലാണ് സന്നിധാനത്ത് നിന്നും കട്ടിളപ്പടികൾ കടത്തുന്നത്. പിന്നാലെ ജുലൈ മാസത്തിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികളും കൊണ്ടുപോയി. ഭക്തരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ്, മോഷണത്തിന് ഈ ദിവസങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ കാരണം എന്ന സംശയം ശക്തമാണ്.
ദേവസ്വം മന്ത്രിയുടെയും ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും അറിവോടും അനുമതിയോടും കൂടിയാണ് സ്വർണ്ണപ്പാളി കടത്തിയത് എന്ന് വ്യക്തമാകുന്നതാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ. പോറ്റിയെ അറിയില്ലെന്ന കടകംപളളി സുരേന്ദ്രന്റെ വാദങ്ങളും പൂർണ്ണമായും പൊളിയുകയാണ്.















