എറണാകുളം: ആസിഡ് ശരീരത്തിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്യിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തേവര സിഗ്നലിൽ വച്ചാണ് സംഭവം. യുവാവിന്റെ മുന്നിൽ പോയ ടാങ്കറിൽ നിന്ന് ആസിഡ് ചോർന്ന് ദേഹത്ത് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. എതിർദിശയിൽ നിന്നുവന്ന ടാങ്കർ കടന്നുപോയതിന് പിന്നാലെ യുവാവിന്റെ ശരീരത്തിൽ ചൂട് അനുഭവപ്പെട്ടു.
വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് ഷർട്ട് കരിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തി പരിശോധിക്കുകയും ചെയ്തു. ഇതോടെ ടാങ്കറിൽ സൾഫ്യൂരിക് ആസിഡാണെന്ന് വ്യക്തമാവുകയായിരുന്നു.















