പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തോടനുബന്ധിച്ച് എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെ ദർശനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് രാഷ്‌ട്രപതിയുടെ ദർശനം. രാഷ്‌ട്രപതിയുടെ ദർശന വിവരങ്ങൾ തന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
രാഷ്‌ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാസംവിധാനങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. 21-നാണ് രാഷ്‌ട്രപതി ഡൽഹിയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്നത്. തുടർന്ന് റോഡ് മാർഗം രാജ്ഭവനിലേക്ക് പോകും. 22-ന് രാവിലെ ഹെലികോപ്റ്ററിൽ നിലയ്‌ക്കലിലേക്ക് തിരിക്കും. 11 മണിക്ക് പമ്പയിൽ എത്തും. തുടർന്ന് 11. 50 ഓടെ സന്നിധാനത്തേക്ക്.
ക്ഷേത്ര ദർശനത്തിന് ശേഷം ശബരിമല ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം വൈകുന്നേരം 4.20-ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോകും. 23-ന് ശിവഗിരിയിൽ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇവിടെ നിന്ന് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലേക്ക് പോകും.















