ന്യൂ ഡൽഹി : ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഡൽഹിയിലും പരിസര സംസ്ഥാനങ്ങളിലും ഉയർന്ന വായു മലിനീകരണം കാരണം, ദീപാവലി ആഘോഷ സമയത്ത് പടക്കങ്ങൾ നിരോധിച്ചിരിക്കുന്നു.
ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ ഹരിത പടക്കങ്ങൾ മാത്രം പൊട്ടിച്ചാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് പി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഒക്ടോബർ 18 മുതൽ 21 വരെ രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്.
അംഗീകൃത ഹരിത പടക്കങ്ങളുടെ ഉപയോഗം, പരിമിതമായ സമയം, പരിസ്ഥിതി സംരക്ഷണ രീതികൾ എന്നിവ ഉൾപ്പെടെയുള്ള കർശനമായ നിയമങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പന ദേശീയ തലസ്ഥാന മേഖലയിലെ നിയുക്ത സ്ഥലങ്ങളിൽ നിന്ന് മാത്രമേ അനുവദിക്കൂ, ജില്ലാ കളക്ടർമാർ/കമ്മീഷണർമാർ ജില്ലാ പോലീസ് സൂപ്രണ്ടുമായി കൂടിയാലോചിച്ച് ഈ സ്ഥലങ്ങൾ തിരിച്ചറിയുകയും വിപുലമായ പ്രചാരണം നൽകുകയും വേണം എന്നും സുപ്രീം കോടതി പറഞ്ഞു.
ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ദീപാവലി ദിനത്തിലും രാവിലെ 6:00 മുതൽ 7:00 വരെയും രാത്രി 8:00 മുതൽ രാത്രി 10:00 വരെയും പടക്കങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നുവെന്നു ജില്ലാ ഭരണകൂടവും പോലീസും ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.















