ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന, ട്രംപിന്റെ അവകാശവാദത്തിനെതിരെ വിദേശകാര്യമന്ത്രാലയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ വിദേശകാര്യമന്ത്രാലയം നിരാകരിച്ചു.
അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ സ്വന്തം പൗരൻമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതിനാണ് ഇന്ത്യ എന്നും മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. എണ്ണയുടെയും വാതകത്തിന്റെയും ഒരു പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇന്ത്യയുടെ ഇറക്കുമതി നയങ്ങൾ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഊർജ്ജ വിലയിലെ സ്ഥിരതയും സുഗമമായ ലഭ്യതയുമാണ് ഇന്ത്യയുടെ ഊർജ്ജ നയത്തിന്റെ ഇരട്ട ലക്ഷ്യങ്ങൾ. ഇത് വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് വൈവിധ്യവൽക്കരിക്കും. റഷ്യ- യുക്രൈയ്ൻ സംഘർഷം ആരംഭിച്ച 2022 മുതൽ ഇന്ത്യ നിലപാട് ആവർത്തിക്കുന്നുണ്ട്.നിലവിലെ യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ തുടരുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനല്ല, റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി ഇന്ന് ഉറപ്പ് നൽകിയെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.















