ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്റെ വീടിന് നേരെ ബോംബ് ഭീഷണി. ചെന്നൈയിലെ വസതിക്ക് നേരെയാണ് ഭീഷണി സന്ദേശം വന്നത്. തമിഴ്നാട് ഡിജിപി ഓഫീസിലേക്കാണ് ഇമെയിൽ സന്ദേശം എത്തിയത്. മുന്നറിയിപ്പിനെ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധന നടന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. തുടർന്ന് പരിശോധനകൾക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ഉപരാഷ്‌ട്രപതിയുടെ വീടും പരിസരവും വിശദമായി പരിശോധിച്ചു.
ചെന്നൈയിലെ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ സ്റ്റുഡിയോയിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ നടപടികൾ വേഗത്തിലാക്കിയിരുന്നു. ഇളയരാജയുടെ സ്റ്റുഡിയോയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് സന്ദേശം വ്യാജമാണെന്ന് തെളിയുകയായിരുന്നു.















