ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തം. ആഗോളവ്യോമസേന കരുത്തിൽ ഇന്ത്യയുടെ സ്ഥാനം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ ശക്തിയേറിയ വ്യോമസേന. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ പുതിയ പട്ടികയാണ് പുറത്തുവന്നത്.
ലോകത്തെ 103 രാജ്യങ്ങളെയാണ് റാങ്കിഗിംന് പരിഗണിച്ചത്. ഇതിലെ കരസേന, നാവികസേന, മറൈൻ വ്യോമസേന വിഭാഗങ്ങളിലായി 129 വ്യോമസേനകളാണ് ഉണ്ടായിരുന്നത്. ഇന്ത്യ മുന്നിൽ കയറിയതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആധുനിക വത്കരണം, ചരക്ക് ഗതാഗതശേഷി, ആക്രമണം, പ്രതിരോധം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിക്കുന്നത്.
യുഎസ് വ്യോമസേനയുടെ ട്രൂവാൽ റേറ്റിംഗ് 242.9 ശതമാനവും റഷ്യയുടേത് 114.2 ശതമാനവുമാണ്. ഇന്ത്യയുടെ ടിവിആർ 69.4 ആണ്. ചൈനയേക്കാൾ 5.6 പോയിന്റ് മുകളിലാണ് ഇന്ത്യ. ഇന്ത്യൻ വ്യോമസേനയുടെ 31.6 ശതമാനം യുദ്ധവിമാനങ്ങളും 29 ശതമാനം ഹെലികോപ്റ്ററുകളും 21.8 ശതമാനം പരിശീലന വിമാനങ്ങളുമാണുള്ളത്.
ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സിനുള്ളത് 52. 9 ശതമാനം യുദ്ധവിമാനങ്ങളും 28.4 ശതമാനം പരിശീലന വിമാനങ്ങളുമാണ്.















