പത്തനംതിട്ട: ശബരിമലയിൽ സുരക്ഷാക്രമീകരണങ്ങൾ പാളിയതോടെ കുട്ടികൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ ക്യൂവിൽ നിന്നത് മണിക്കൂറുകളോളം. യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെ കനത്ത മഴയത്താണ് ഭക്തർ ദർശനത്തിനായി കാത്തുനിന്നത്. കൊച്ചുകുട്ടികളും വയോധികരും മഴയിൽ നനഞ്ഞുകുതിർന്നു.
മതിയായ പൊലീസ് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ബുദ്ധിമുട്ട് ഭക്തർക്ക് നേരിടേണ്ടിവന്നത്. ദേവസ്വം ബോർഡിന്റെ എല്ലാ സുരക്ഷാക്രമീകരണങ്ങളിലും വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണിത്. പമ്പ മുതൽ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നിട്ടും മുൻകരുതലായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സന്നിധാനത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും അധികാരികൾക്ക് കഴിഞ്ഞില്ല. വെർച്വൽ ക്യൂ ബുക്ക് ചെയ്ത് എത്തിയ ഭക്തരാണ് ഇത്തരത്തിലൊരു ദുരിതം അനുഭവിച്ചത്.
ഭക്തജനത്തിരക്ക് വർദ്ധിച്ചതോടെ ദർശനസമയം നീട്ടിയിരുന്നു. ദീപാവലി, ശനി-ഞായർ അവധി ദിവസങ്ങൾ വരാനിരിക്കെയാണ് സന്നിധാനത്തേക്ക് കൂടുതൽ ഭക്തർ എത്തിയത്. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ഇത് നേരത്തെ അറിഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ല എന്നത് ദേവസ്വത്തിന്റെ വലിയ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. ജനംടിവി വാർത്തയെ തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തേക്ക് വിന്യസിച്ചു.















