ന്യൂഡൽഹി: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച് പോര്‍ച്ചുഗല്‍. തീവ്ര വലതുപക്ഷ പാർട്ടി ചെഗ അവതരിപ്പിച്ച ബുര്‍ഖ നിരോധന ബില്ലാണ് പോർച്ചുഗൽ പാർലമെന്റ് അംഗീകരിച്ചത്. നിയമം ലംഘിച്ച് ബുർഖ ധരിച്ചാൽ നാല് ലക്ഷം രൂപ പിഴ അടക്കേണ്ടിവരും. ലിംഗപരമോ മതപരമോ ആയ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുഖംമൂടികൾ പൊതുയിടങ്ങളിൽ നിരോധിക്കണമെന്നായിരുന്നു ബില്ലിലെ ആവശ്യം.
മുസ്ലീം സ്ത്രീകൾ ധരിക്കുന്ന ബുർഖകളെയും നിഖാബുകളെയും മാത്രം ലക്ഷ്യം വെച്ചാണ് ബിൽ അവതരിപ്പിച്ചത്. നിയമപ്രകാരം പൊതുസ്ഥലത്ത് ബുര്‍ഖ ധരിച്ചെത്തിയാല്‍ 200 യൂറോ മുതൽ 4,000 യൂറോ വരെയാണ് പിഴ.
ഒരാളെ നിർബന്ധിച്ച് മുഖംമൂടി ധരിപ്പിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും. അതേസമയം വിമാനങ്ങളിലും നയതന്ത്ര സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ബുര്‍ഖ ധരിക്കാം. ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, നെതർലാൻഡ്‌സ്, ഇറ്റലി, സ്വീഡന്‍ എന്നീ രാജ്യങ്ങളും ബുര്‍ഖയ്‌ക്ക് ഭാഗികമായോ പൂര്‍ണമായോ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകുമെന്നാണ് റിപ്പോർട്ടുകൾ.















