കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിന് സമീപം ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരു മലയാളി ഉൾപ്പടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി. പിറവം വെളിയനാട് സ്വദേശി 22 കാരനായ ഇന്ദ്രജിത് ആണ് കാണാതായ മലയാളി.
തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണ ടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്ക് കയറേണ്ടവരും ഉൾപ്പെടെ 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽനിന്ന് 13 പേരെ രക്ഷപ്പെടുത്തി.
മെക്കാനിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കിയ മലയാളിയായ ഇന്ദ്രജിത്ത് ഒരു വർഷത്തോളമായി കപ്പലിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടു.
കടലിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ മിഷനിലെ കോൺസുലാർ ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ചിരുന്നു. ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ മരിച്ചതിൽ തങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് ഹൈക്കമ്മീഷൻ സോഷ്യൽമീഡിയയിൽ കുറിച്ചു.















