ആത്മനിര്‍ഭര്‍ ഭാരതത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിര്‍മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് സൈന്യത്തിന് കൈമാറി. സരോജിനി നഗറിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ലഖ്നൗ പ്ലാന്റിൽ പ്രതിവർഷം 80-100വരെ ബ്രഹ്മോസ് മിസൈലുകളാണ് നിർമിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി നിർമിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലാണിത്. കരുത്തുറ്റ ബ്രഹ്മോസ് മിസൈലുകൾ ഞൊടിയിടയിൽ തന്നെ ശത്രുക്കളുടെ മണ്ണിൽ കയറി പൊരുതും. ആക്രമണങ്ങളെ അടപടലം തകർത്തെറിയാനും ബ്രഹ്മോസ് മിസൈലിന് സാധിക്കും.
കരയിൽ നിന്നും പോർവിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്ത് നിന്നും ഒരേ സമയം വിക്ഷേപിക്കാനുമാകും. ഇനി ശത്രുക്കളിൽ നിന്നും ഭാരതത്തെ സംരക്ഷിക്കുന്നതിനായി കരുത്തായും കവലായും കവചമായും ബ്രഹ്മോസ് മിസൈലുകൾ ഉണ്ടായിരിക്കും.
രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ നിർണായക ചുവടുവയ്‌പ്പാണിത്. 290 മുതൽ 400 കിലോമീറ്റർ വരെ ദൂരത്തിൽ വേഗതയിൽ പ്രഹരശേഷി ഇവയ്‌ക്കുണ്ട്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ് ബ്രഹ്മോസ് എന്ന പേര് ജനിച്ചത്.















