കൊച്ചി: ഭാരത കേസരി മന്നത്തു പത്മനാഭന്റെ ചെറുമകളുടെ മകള്‍ (പ്രപൗത്രി) ലക്ഷ്മി അനില്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്മി അനിലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ഷാള്‍ അണിയിച്ചു.
ലക്ഷ്മി 25 കൊല്ലം അദ്ധ്യാപികയായും 5 കൊല്ലം പ്രധാനാദ്ധ്യാപികയായും സംസ്ഥാനത്തും വിദേശത്തുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ചിങ്ങവനം എന്‍എസ്എസ് സ്‌കൂളില്‍ നിന്ന് പ്രധാന അധ്യാപികയായി വിരമിച്ചു.
ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്ന് അവര്‍ പറഞ്ഞു. എറണാകുളം വൈഎംസിഎയില്‍ നടന്ന ബിജെപി കൊച്ചി കോര്‍പറേഷന്‍ നേതൃയോഗത്തില്‍ വച്ച് ജസ്ലി (എച്ച്ആര്‍ മാനേജര്‍), ഡേവിഡ് ജോസഫ് (ടിഡി ജോസഫ് പാപ്പച്ചന്‍-ഇന്ത്യന്‍ വോളിബോള്‍ പ്ലെയര്‍ മകന്‍), ഡോ. രാജീവ് വര്‍ഗീസ് (കാര്‍ഡിയോളജിസ്റ്റ്) അടക്കം 30 പ്രമുഖര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.
എറണാകുളം സിറ്റി ജില്ലാ അധ്യക്ഷന്‍ കെ.എസ്. ഷൈജു, സംസ്ഥാന ഉപാധ്യക്ഷനും എറണാകുളം മേഖലാ പ്രഭാരിയുമായ ഉണ്ണികൃഷ്ണന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. രാധാകൃഷ്ണന്‍, ജോ. ട്രഷറര്‍ എ. അനൂപ്, ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന അധ്യക്ഷന്‍ സുമിത് ജോര്‍ജ്, ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















