ന്യൂഡൽഹി: കാബൂളിൽ ഇന്ത്യൻ എംബസി പുനഃസ്ഥാപിച്ചു. കഴിഞ്ഞാഴ്ച ഇന്ത്യ സന്ദർശിച്ച താലിബാൻ വിദേശകാര്യമന്ത്രി ആമീർഖാൻ മുത്താഖിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് പ്രഖ്യാപനം. നിലവിൽ കാബുളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ മിഷനെ എംബസിയായി ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പരസ്പരം താൽപ്പര്യമുള്ള എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ഈ തീരുമാനം അടിവരയിടുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ തീരുമാനത്തെ താലിബാൻ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രി മുല്ല യാക്കൂബ് പറഞ്ഞു.
നിലവിൽ അഫ്ഗാനിൽ ഇന്ത്യയ്‌ക്ക് നയതന്ത്ര സംവിധാനങ്ങളില്ല. പകരം ടെക്നിക്കൽ മിഷനാണുള്ളത്. പ്രധാനമായും മാനുഷിക സഹായത്തിനും വികസന പദ്ധതികൾക്കും മേൽനോട്ടം വഹിക്കുക എന്നതായിരുന്നു ടെക്നിക്കൽ മിഷന്റെ ലക്ഷ്യം. 2021 ഓഗസ്റ്റിൽ അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് എംബസി അടച്ചു പൂട്ടിയത്. നിലവിൽ പാകിസ്ഥാനും അഫ്ഗാനും തമ്മിൽ സംഘർഷം ശക്തമാണ്. പ്രശ്നം വഷളാകുന്നതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു.















