ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നാലംഗ ഗുണ്ടാസംഘം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ‘സിഗ്മ & കമ്പനി’എന്ന പേരിൽ അറിയപ്പെട്ടുന്ന ക്രിമിനൽ സംഘത്തെയാണ് പൊലീസ് വെടിവച്ച് കൊന്നത്. രഞ്ജൻ പഥക് (25), ബിംലേഷ് മഹ്തോ എന്ന ബിംലേഷ് സാഹ്നി (25), മനീഷ് പഥക് (33), അമൻ താക്കൂർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് രോഹിണിയിലെ ബഹാദൂർ ഷാ മാർഗിലായിരുന്നു സംഭവം. ബിഹാർ, ഡൽഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ക്രിമിനലുകൾ ബിഹാർ സ്വദേശികളാണ്. രഞ്ജൻ പഥക് ആയിരുന്നു സംഘത്തിന്റെ നേതാവ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ഒളിവിലായിരുന്നു. രാജ്യതലസ്ഥാനത്ത് സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു പൊലീസ് പ്രദേശം വളഞ്ഞത്.















